സ്വന്തം പ്രതിഛായ നഷ്ടപ്പെടുന്നു എന്നു തോന്നുന്നു. എല്ലാവരും തന്നെ മറ്റു വ്യക്തിയായി കാണുന്നു. വിനു അലറിവിളിച്ചു. ഞാന്‍ പഴയ വിനു തന്നെയാണ്. എന്നിട്ടും, ആരും അവനെ മനസ്സിലാക്കുന്നില്ല. ഇനിയുള്ളത് പ്രണയിനി, അവളെ ഒരു പുഴപോലെ അവന്‍ സ്നേഹിക്കുന്നു. അവളുടെ കണ്ണാടി കവിളില്‍ അവന്റെ പ്രതിബിംബം കാണാമായിരുന്നു. അത്കൊണ്ടുതന്നെയാണ് വിനു അവളെ പുഴയോട് ഉപമിച്ചത്. ആ കവിളില്‍ തെളിയുന്ന പ്രതിബിംബത്തെ അവന്‍ ഇഷ്ടപ്പെട്ടിരുന്നു. വിനു അവളുടെ അടുത്ത് ഓടിയെത്തി, അവള്‍ ചിരിക്കുകയാണ്. അവളുടെ ചിരി അവന്റെ സ്വപ്നങ്ങളെ മായ്ച്ചു മായ്ച്ച് താളത്തില്‍ മുന്നേറുന്നതു കാണാന്‍ അവനു കഴിയുന്നില്ല.
അവന്‍ ചോദിച്ചു: എന്റെ പ്രിയ തോഴീ, നീ എന്നെ മനസ്സിലാക്കുന്നോ? കിലുകിലെ അവള്‍ ചിരിച്ചു. അവന് അവള്‍ പരിഹസിക്കുകയാണെന്ന് തോന്നി. അവന്‍ അവളെ രൂക്ഷമായി നോക്കി. വിനു ഞെട്ടി... രൂപം മാറിയിരിക്കുന്നു. അവന് ഭ്രാന്താണെന്ന് ലോകം വിളിച്ചുപറഞ്ഞു. ശരിയാ അവന് ഭ്രാന്താണ്. ഇത്തിരി താളം ജീവിതത്തിന് തെറ്റുമ്പോള്‍. അവന്‍ ഒന്നു കരഞ്ഞാല്‍ ഒന്നു ചിരിച്ചാല്‍ അതു ഭ്രാന്തു തന്നെയാണ്. ചികിത്സകള്‍ ഏറെ സമ്മാനിച്ച ഡോക്ടറും അതു മനസ്സിലാക്കുന്നില്ല എന്നവന് തോന്നി. മരുന്നുകള്‍ നല്‍കി മരവിക്കുമ്പോഴും മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. രൂപം മാറിയിരിക്കുന്നു.
അവന്‍ പടിപടിയായി ശരിക്കും അജ്ഞാതനായിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ ആരും ഇല്ല. കാട്ടില്‍ പോകാം. അവന്‍ തീരുമാനിച്ചു. അവന്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്, ഒരേ താളത്തില്‍ നാട്ടുകാര്‍ പാടി. ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട് കാട്ടില്‍ പോയി തപസ്സുചെയ്യാം. തപസ്സുചെയ്താല്‍ ദൈവം പ്രത്യക്ഷപ്പെടും. വരം തരും, എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. പ്രത്യാശയോടെ അവന്‍ കാട്ടിലേക്ക് നീങ്ങി.
ഘോരവനം. കൂറ്റാകൂരിരുട്ട്. മൃഗങ്ങളുടെ അലര്‍ച്ച കേള്‍ക്കാം. വിനു ഉള്‍വനത്തിലേയ്ക്ക് നീങ്ങി. ഇവിടെ തപസ്സുചെയ്യാം. അവന്‍ തീരുമാനിച്ചു. കാട്ടിനുള്ളില്‍ നിന്നും ഉറക്കെ രാമ, രാമ, രാമ, എന്ന് വിളിച്ചുപറയാന്‍ തുടങ്ങി.
ദിവസങ്ങള്‍ വീണുതുടങ്ങി. വിനു കാട്ടില്‍ അറിയപ്പെട്ടവനായി. എല്ലാം മൃഗങ്ങളും ചങ്ങാതിമാര്‍ അവ സ്നേഹത്തോടെ നോക്കുന്നു. പുഞ്ചിരിക്കുന്നു എന്റെ രൂപം മാറിയില്ലേ? വിനുവിന് സംശയം ബലപ്പെട്ടു. ഇല്ലെങ്കില്‍ ഇത്ര സ്നേഹം ഈ മൃഗങ്ങള്‍ക്ക് ഉണ്ടാകുമോ...... എനിക്ക് എന്നെ ഒന്നു കാണാന്‍ കവിഞ്ഞിരുന്നെങ്കില്‍! സ്വന്തം പ്രതിബിംബത്തിനായി അവന്‍ വെമ്പല്‍കൊണ്ടു. ഇത്രയും വേദനിപ്പിക്കണോ ഈ വിനുവിനെ... എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. സ്വന്തം കഥാപാത്രം ഇത്ര വേദനിക്കുമ്പോള്‍ ഞാന്‍ എങ്ങനെ എഴുതും? എഴുത്തു നിര്‍ത്തി ഞാന്‍ വിനുവിന്റെ അരികിലെത്തി.
കഥാകാരന്‍ കഥാപാത്രത്തിന്റെ അരികില്‍ .ദേവതകള്‍ സ്തുതി പാടുന്നുണ്ടോ?
പൂക്കള്‍ ചൊരിയുന്നുണ്ടോ?
ഞാന്‍ ചുറ്റും നോക്കി. ഒന്നുമില്ല. വിനുവിനെ ഞാന്‍ അടിമുടി നോക്കി. നല്ല രൂപം. സുന്ദരന്‍. നിഷ്ക്കളങ്കമായ രൂപം. അവന്‍ കണ്ണുകള്‍ ഇറുക്കിപ്പിടിച്ച് നില്‍ക്കുകയാണ്. ഞാന്‍ തോളില്‍ത്തട്ടി വിളിച്ചു. വിനു കണ്ണു തുറന്നു. ഇതാ ദൈവം എന്റെ മുന്നില്‍. അവന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. അവന്‍ ചോദിച്ചു: ദൈവമേ എന്താ എനിക്കു പറ്റുന്നത്. ആരും എന്നെ മനസ്സിലാക്കുന്നില്ല. നാട്ടില്‍ എല്ലാവരും എന്നെ അകറ്റി നിര്‍ത്തുന്നു. എന്താ ഞാന്‍ ചെയ്ത തെറ്റ്.
തെറ്റ് നിന്റേതല്ല എന്റേതാണ് എന്നെനിക്ക് വിളിച്ചുപറയണം എന്നു തോന്നി. പറയണോ? ഞാന്‍ അവനോട് ഇതു പറഞ്ഞാല്‍ നാളെ ഇവന്‍ എന്നെ വെറുക്കില്ലേ...ഒടുവില്‍ ഒന്നു തീരുമാനിച്ചു ഞാന്‍ പറഞ്ഞു. നിനക്ക് നിന്റെ തപസ്സിന്റെ ഫലം കിട്ടിയിരിക്കുന്നു. വിനുവിനെ തനിച്ചാക്കി ഞാന്‍ പേനയുടെ അടുത്തെത്തി. തരിച്ചു നിന്ന അവനെ ഞാന്‍ പേന കൊണ്ട് ഉണര്‍ത്തി... അവന്‍ പതിയെ കണ്ണുകള്‍ തുറന്നു. ഞാന്‍ എവിടെയാണ്. എന്റെ മുന്നില്‍ ഇത് ആരാണ്... ഞാന്‍ തന്നെയാണോ... കണ്ണാടിയിലെ പ്രതിബിംബത്തെ തൊട്ട് കരയുന്ന അവന്റെ മുന്നില്‍ അനേകം ചോദ്യങ്ങളും അനേകം സംശയങ്ങളും ബാക്കി നിര്‍ത്തി ഞാന്‍ കഥ അവസാനിപ്പിക്കുമ്പോള്‍ വിനുവിന്റെ കാലില്‍ ഉരസിക്കൊണ്ട് അവന്റെ വീട്ടിലെയും പട്ടിയും പറഞ്ഞു: അതേ നീ തന്നെയാണ്, നീ എന്റെ യജമാനന്റെ സ്വത്താണ്.
കഥയും, കഥാകാരനും, കഥപാത്രവും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട് അല്ലെ....കഥ നന്നായി...
ReplyDeleteആശംസകള്‍ രാജീവേട്ടാ........